Sunday 5 December 2010

ബാല്യത്തിന്‍ ഓര്‍മ്മകള്‍...


ഇവിടൊരു നാളിലൊരാല്‍മരമുണ്ടായ്
അവിടെയൊരാമ്പല്‍ കുളവും..
എന്ന് പറഞ്ഞു പഠിപ്പിക്കണമോ
ഞാനെന്‍ കുഞ്ഞിനെയോരുനാള്‍

ഇടവഴിയോടിപ്പാഞ്ഞു നടന്നും
തൊടിയിലെ മാവിലെറിഞ്ഞും
കലപില കൂട്ടി കുസൃതികള്‍ കാട്ടി
മണ്ടി നടന്നൊരു ബാല്യം...
പരല്‍ മീനുകളുടെ പരിഭവമെല്ലാം
ഈരിഴ മുണ്ടിലറിഞ്ഞും..
മുങ്ങാംകുഴിയിട്ടക്കരെയിക്കരെ
നീന്തി നടന്നൊരു തോടും...
അത്ഭുതലോക  ചെപ്പു തുറന്നൊരു
മുത്തശ്ശിക്കഥ കേട്ടും
ആനകളമ്പാരികള്‍ നിറയുന്നോ-
രുത്സവമേളം കണ്ടും.
ഓടിനടപ്പൂ ഞാനീ മണ്ണില്‍
ഓണപ്പൂക്കള്‍ പറിക്കാന്‍
ഓര്‍മ്മയിലെന്നും ഓണത്തുമ്പികള്‍
ആര്‍പ്പുവിളിക്കും കാലം..
തെങ്ങിന്‍ ഓല പറിച്ചുമെടഞ്ഞോ-
രോലപ്പന്തു കളിക്കോപ്പും
അക്കുത്തിക്കുത്താനവരമ്പെന്നേറ്റു-
പറഞ്ഞ കളിക്കൂട്ടും.
ഒക്കെയൊരോര്‍മ്മചിത്രമതിങ്ങനെ
അവശേഷിപ്പൂ മനസ്സില്‍..
നമ്മുടെ കുഞ്ഞുങ്ങള്‍ക്കു കൊടുക്കാന്‍
ശേഷിക്കുന്നിതുമാത്രം..



.

2 comments:

MOIDEEN ANGADIMUGAR said...

കൊള്ളാം

Unknown said...

ഓര്‍മ്മകള്‍ കൊള്ളാം.
വാക്കുകള്‍ ഇനിയും മനോഹരമാകട്ടെ.

Post a Comment