Tuesday, 19 November 2013

................................................



വിശ്വാസങ്ങളും, ആദർശങ്ങളും
മതങ്ങളും, രാഷ്ട്രീയവും
ഒറ്റക്കും കൂട്ടായും
ഭോഗിച്ചു രസിച്ച മനസ്സ്
ഇന്ന് പ്രസവിച്ചു.
ഒറ്റ തന്തയ്ക്കു പിറക്കാത്ത
ആ കുഞ്ഞിനു ഞാൻ ഒരു പേരിട്ടു,
'കലി'
അവനവനോടുതന്നെയുള്ള '' കലി ''
ആരോടൊക്കെയോ ഉള്ള ''കലി''.

Saturday, 9 July 2011

ജീവിതം

ഒരിക്കല്‍ ,
സങ്കല്‍പ്പവും യാഥാര്‍ത്യവും
ചേരുന്നതിനിടയില്‍ ശല്യമായ്
ജീവിതം കയറിചെന്നത്രേ.
ആ ഭോഗനഷ്ട്ടത്തിന്റെ
ശാപമെന്നോണം ജീവിതമിന്നും
അവയ്ക്കിടയില്‍ കിടന്നുഴലുന്നു.

മരിക്കാന്‍ വേണ്ടി ജനിച്ചും
കരയാന്‍ വേണ്ടി ചിരിച്ചും
ജീവിതമിന്നും ചില നുണകളെ
സത്യങ്ങളായ് വിശ്വസിക്കുന്നു.

Tuesday, 11 January 2011

വിരഹം

ഉള്ളു പൊള്ളി പുകഞ്ഞൊടുങ്ങുന്നിതാ
ഉയിരിലാകെയും നീ നിറയുമ്പോഴും
എന്തിനോമനെ ഇവ്വിധം നമ്മളീ
വിരഹ ഭൂമിയില്‍ തപിക്കുന്നു പിന്നെയും

ഓര്‍മ്മകള്‍ തീര്‍ത്ത കൂട്ടിലാണിന്നു ഞാന്‍
ഓടിയെത്തുവാന്‍ വെമ്പുന്നു മാനസം
ഒന്നു കൈകോര്‍ത്തു കൂടെ നടക്കുവാന്‍
ഒന്നു ചാരത്തിരുന്നു നിന്‍ നെറ്റിയില്‍
എന്റെ നിശ്വാസ വീചികളേകുവാന്‍

ശോണരശ്മികള്‍ പടരുമാ കവിളത്തു
ചുണ്ടുകള്‍ കൊണ്ട് ചിത്രം വരയ്ക്കുവാന്‍,
എണ്ണ പെയ്തിറങ്ങിയ കൂന്തലില്‍
മറ്റുഗന്ധങ്ങളൊക്കെ മറക്കുവാന്‍..

ഉള്ളു പൊള്ളി പുകഞ്ഞൊടുങ്ങുന്നിതാ
ഇവ്വിധം മോഹങ്ങള്‍ ഉള്ളില്‍ നിറയവേ..